
ലഖ്നൗ: ലഖ്നൗ നഗരത്തിലെ ലുലുമാളിൽ ബോംബ് ഭീഷണി. നവംബർ 24നാണ് സംഭവം. ലഖ്നൗവിലെ സ്കൂളുകൾ ഉൾപ്പെടെ നഗരത്തിലെ നിരവധി സ്ഥാപനങ്ങൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ലുലു മാളിലെ വാഷ് റൂമിൽ കത്ത് ലഭിച്ചതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നവംബർ 24 ന് ഉച്ചകഴിഞ്ഞ് മാളിലെ ഒരു ശുചിമുറിയിൽ നിന്ന് കത്ത് കണ്ടെത്തി. നഗരത്തിലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, പ്രധാന കെട്ടിടങ്ങൾ എന്നിവ 24 മണിക്കൂറിനുള്ളിൽ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ലുലു മാളിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മാളിൽ പൂർണ്ണമായി പരിശോധന നടത്തി. കത്ത് മാൾ പരിസരത്ത് വച്ച കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ബോംബ് ഭീഷണിയെത്തുടർന്ന് ലഖ്നൗവിലുടനീളം ബോംബ്, ഡോഗ് സ്ക്വാഡുകൾ ഉൾപ്പെടെ വിപുലമായ സുരക്ഷാ പരിശോധനകൾ നടത്തി. നഗരത്തിലെ സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലും സുരക്ഷയും വർധിപ്പിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും, വാഹനങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും, പ്രധാന സ്ഥലങ്ങളിൽ ദൃശ്യ സാന്നിധ്യം നിലനിർത്താനും മുതിർന്ന പോലീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, മാർക്കറ്റുകൾ , ഗതാഗത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിരുന്നു.


