ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ്. സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ലൈംഗിക പീഡന പരാതിയുമായി രാഹുലിനെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ വെച്ച് “സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി താൻ കേട്ടിട്ടുണ്ടെന്ന്” അദ്ദേഹം പറഞ്ഞിരുന്നു. ഈ ഇരകളുടെ വിശദാംശങ്ങൾ നൽകാൻ പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക് സുരക്ഷ നൽകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ഡൽഹി പോലീസിന്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. നിയമപ്രകാരം നോട്ടീസിന് യഥാസമയം മറുപടി നൽകുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ഡൽഹി തുഗ്ലക്ക് ലെയ്നിലെ വസതിക്ക് പുറത്ത് പോലീസ് ഉദ്യോഗസ്ഥർ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്.