കൊച്ചി: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് ഇൻവെസ്റ്റ്മെന്റ് തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ നേപ്പാൾ വഴി വിദേശത്തേക്ക് കടക്കുന്നത് തടയാനുള്ള നീക്കവുമായി പോലീസ്. റാണയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ അറസ്റ്റിലായ റാണയുടെ കൂട്ടാളി വെല്ലൂർ സ്വദേശി സതീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രവീൺ റാണയെ പിടികൂടുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് നിക്ഷേപകർ വിമർശിച്ചതിനെ തുടർന്നാണ് ആദ്യ അറസ്റ്റ്. റാണയുടെ വിശ്വസ്തനായ അഡ്മിൻ മാനേജർ സതീഷിനെയാണ് വിയ്യൂർ എസ്.ഐ കെ.സി ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കോലഴി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. റാണ ഒളിവിൽ പോയ ശേഷം സേഫ് ആൻഡ് സ്ട്രോങ്ങിന്റെ ഓഫീസുകളിൽ നിന്ന് നിക്ഷേപ രേഖകൾ കടത്തിയിരുന്നു. പാലാഴിയിലെ ഒരു വീട്ടിൽ ഒളിപ്പിച്ച രേഖകളും പൊലീസ് കണ്ടെത്തി. റാണയുടെ ബിനാമിയായാണ് സതീഷ് പ്രവർത്തിച്ചത്.
കൂടുതൽ കൂട്ടാളികളെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. പൊലീസിനെ കബളിപ്പിച്ച് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട പ്രവീൺ റാണയ്ക്ക് വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് കെണിയൊരുക്കുകയാണ്. റാണ മുങ്ങിയ ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രക്ഷപ്പെട്ട കാർ കണ്ടെത്തിയിരുന്നു. കാർ തടഞ്ഞു നിർത്തിയ പൊലീസിന് റാണയെ കലൂരിൽ ഇറക്കിവിട്ടതായി ഡ്രൈവറിൽ നിന്ന് മൊഴി ലഭിച്ചു. റാണയുടെയും സുഹൃത്തുക്കളുടെയും ഫോണുകൾ സൈബർ സെൽ നിരീക്ഷണത്തിലാണ്.