
കോഴിക്കോട്: 36 വര്‍ഷത്തിനു മുമ്പ് താന്‍ രണ്ടു പേരെ കൊലപ്പെടുത്തിയെന്ന മദ്ധ്യവയസ്കന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവാതെ നട്ടംതിരിഞ്ഞ് പോലീസ്.
കൊല്ലപ്പെട്ടവര്‍ ആരാണെന്ന് കുറ്റസമ്മതം നടത്തിയ ആളടക്കം ആര്‍ക്കുമറിയില്ല. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മുഹമ്മദലിക്ക് മാനസിക പ്രശ്നമുണ്ടെന്ന് സഹോദരന് പറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. മുഹമ്മദലിയുടെ മനോനില പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.
കൊല്ലപ്പെട്ടവര്‍ ആരെന്നും കൊലപ്പെടുത്തിയത് മുഹമ്മദലി തന്നെയാണോ എന്നും അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്്. 1986ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ താന്‍ കൊന്നതാണെന്നാണ് വേങ്ങര പോലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതിന്റെ അന്വേഷണത്തിനിടയിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതായി വെളിപ്പെടുത്തിയത്. 1989ല്‍ വെള്ളയില്‍ ബീച്ചില്വെച്ചും ഒരാളെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍. പത്രവാര്‍ത്തകളില്‍ രണ്ടു സംഭവങ്ങളുമുണ്ട്. അജ്ഞാത മൃതദേഹങ്ങളാണെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. അവകാശികളാരും എത്തിയിരുന്നില്ല.
വെളിപ്പെടുത്തലുള്ളതിനാല് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആദ്യ കേസില്‍ അന്വേഷണം നടത്തിയപ്പോള്‍ ആരും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇയാള്‍ ജോലിക്കായി വന്ന സ്ഥലത്തിന്റെ ഉടമയ്ക്കും അറിയില്ല. സ്ഥലവാസിയല്ല മരിച്ചതെന്ന് നാട്ടുകാരും പറയുന്നു. വാര്‍ത്ത വന്നിട്ടും ആരും അന്വേഷിച്ചെത്തിയില്ല. ബീച്ചിലെ കൊലപാതകത്തിലും ഇതേ അവസ്ഥയാണ്. ദൃക്സാക്ഷികളില്ല. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായിട്ടുമില്ല. അജ്ഞാത മൃതദേഹമെന്ന നിലയില്‍ സംസ്കരിച്ചു.
മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്നാണ് സഹോദരന് പൗലോസ് പറയുന്നത്. മകന്റെ മരണശേഷം മുഹമ്മദലിയുടെ മാനസിക നില തെറ്റി. രണ്ടു മരണങ്ങളും നടക്കുമ്പോള്‍ മുഹമ്മദലി സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൗലോസ് പറഞ്ഞു.
