പത്തനാപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് (ബി)യിൽനിന്ന് തിരിച്ചെടുത്ത സിപിഎം തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചത് ഗണേശ് കുമാർ കടുത്ത അതൃപ്തി നേതാക്കളെ അറിയിച്ചതോടെയാണ്. ഇതോടെ സാങ്കേതിക പിഴവെന്ന വാദം പറഞ്ഞാണ് സർക്കാർ മലക്കം മറിഞ്ഞതും. താൻ മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ അദ്ദേഹം തിരുത്തിയെന്നാണ് ഗണേശ്കുമാർ പറഞ്ഞത്. ചെയർമാനെ മാറ്റിയ കാര്യം മുഖ്യമന്ത്രിയോ എൽഡിഎഫ് കൺവീനറോ അറിഞ്ഞിരുന്നില്ലെന്ന് ഗണേശ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ട് പറയും. മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞപ്പോൾത്തന്നെ തീരുമാനം മരവിപ്പിച്ചുവെന്നും ഗണേശ് കുമാർ പറഞ്ഞു.
”ചെയർമാനെ മാറ്റിയ ഉത്തരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ട് പറയട്ടെ. കോർപറേഷൻ ബോർഡ് പുനഃസംഘടിപ്പിച്ചിരുന്നു. അതല്ലാതെ ചെയർമാനെ മാറ്റിയിട്ടില്ല. അത് എഴുതിയവരുടെ പ്രശ്നമാണെന്നു തോന്നുന്നു. മുഖ്യമന്ത്രിയോ എൽഡിഎഫ് കൺവീനറോ ഇക്കാര്യം അറിഞ്ഞിട്ടില്ല. ഞാൻ പറയുമ്പോഴാണ് അവർ അറിയുന്നത്. അപ്പോൾത്തന്നെ മുഖ്യമന്ത്രി ഉത്തരവ് മരവിപ്പിക്കുകയും, പ്രേംജിത്ത് തന്നെ ചെയർമാനായി തുടരുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
എന്തായാലും ഇതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നു തോന്നുന്നില്ല.’ ”ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ അതിനെ വിമർശനമായി കാണേണ്ടതില്ല. നിയമസഭയ്ക്കുള്ളിൽ കാര്യങ്ങൾ പറയാൻ എംഎൽഎയ്ക്ക് അവകാശമുണ്ട്. അതിനെ വിമർശനമായി കാണേണ്ട. കാര്യങ്ങൾ പറയാനാണ് പത്തനാപുരത്തെ ആളുകൾ എന്നെ വോട്ടു ചെയ്തു ജയിപ്പിച്ചത്. രാവിലെ പോയി നിശബ്ദനായിരുന്ന് എനിക്കു കിട്ടേണ്ട അലവൻസും വാങ്ങി വരാൻ വേണ്ടിയല്ലല്ലോ അവർ എന്നെ തിരഞ്ഞെടുത്തത്.’ ”ഞാൻ ഒരു കക്ഷിയുടെ നേതാവാണ്. നിയമസഭയിൽ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനുള്ള അവകാശം എനിക്കുണ്ട്. എല്ലാ എംഎൽഎമാർക്കും ആ അവകാശമുണ്ട്. അതിൽ ഭരണപക്ഷ, പ്രതിപക്ഷ വ്യത്യാസമില്ല. ഞാൻ ശ്രദ്ധയിൽപ്പെടുത്തിയ കാര്യം സത്യമാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഞാൻ കള്ളമൊന്നും പറഞ്ഞില്ലല്ലോ.’ ഗണേശ് കുമാർ പറഞ്ഞു.