വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിൽ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരു നേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്. നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തു.
അമേരിക്കയുടെ നിർണായക പങ്കാളിയാണ് ഇന്ത്യയെന്ന് കമല ഹാരിസ് പറഞ്ഞു. കൊറോണ വാക്സിൻ കയറ്റുമതി ഇന്ത്യ ഉടൻ പുനരാരംഭിക്കുമെന്ന ഇന്ത്യൻ സർക്കാരിന്റെ പ്രഖ്യാപനം യുഎസ് സ്വാഗതം ചെയ്യുന്നുവെന്ന് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകത്തെ സഹായിച്ചതില്‍ ഇന്ത്യയെ അഭിനന്ദിക്കുകയാണെന്നും കമല പറഞ്ഞു. ഇന്ത്യയിൽ പ്രതിദിനം 10 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നു, ഇത് വളരെ ശ്രദ്ധേയമായ ഒരു നടപടിയാണ്. നമ്മൾ രണ്ട് രാജ്യങ്ങളും പരസ്പരം സഹകരിച്ചപ്പോൾ, ഇരു രാജ്യങ്ങളും കൂടുതൽ സുരക്ഷിതരും ശക്തരും അഭിവൃദ്ധിയുള്ളവരുമാണെന്ന് കരുതുന്നു എന്നതിന് ചരിത്രം സാക്ഷിയാണെന്നും കമല ഹാരിസ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇരുരാജ്യങ്ങൾക്കും സമാനമായ മൂല്യങ്ങളും ഭൂമിശാസ്ത്രപരമായ താൽപര്യങ്ങളുമാണ് ഉള്ളതെന്നും പറഞ്ഞു. കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനലബ്ദി ലോകത്തിന് തന്നെ പ്രചോദനമാണെന്ന് വ്യക്തമാക്കിയ മോദി, അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
