ന്യൂഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പദ്ധതികൾ തയ്യാറാക്കിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി 144 ലോക്സഭാ മണ്ഡലങ്ങളിലായി 40 റാലികളെ അഭിസംബോധന ചെയ്യും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ട മണ്ഡലങ്ങളിൽ പ്രധാനമന്ത്രി തന്നെ റാലികൾക്ക് നേതൃത്വം നൽകും.
ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ പാർട്ടിക്കായി ശേഷിക്കുന്ന 104 സീറ്റുകളിൽ പര്യടനം നടത്തി പൊതുയോഗങ്ങൾ നടത്തും. ലോക്സഭാ പ്രവാസ് യോജനയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ രാജ്യത്തുടനീളമുള്ള ദുർബലമോ നഷ്ടപ്പെട്ടതോ ആയ ലോക്സഭാ സീറ്റുകളിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 40 റാലികൾ നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്.
പ്രദേശത്തെ സ്വാധീനമുള്ള നേതാക്കളുമായി നിരന്തരം ചർച്ചകൾ നടത്താനും അതേസമയം പരാതികൾ കേൾക്കാനും പാർട്ടിയിലെ പ്രാദേശിക നേതാക്കളുടേത് ഉൾപ്പെടെയുള്ള അസംതൃപ്തി പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്താനുമാണ് തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്. 2019 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 352 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തി. ഇതിൽ 303 സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു.