തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍ 29) മുതല്‍ പ്ലസ്വണ് ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ 9 മണി വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ് വണ്‍ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സില്‍ അതേ ദിവസം വൈകുന്നേരം 7.00 മുതല്‍ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ പിറ്റേ ദിവസം വൈകുന്നേരം 3.30 മുതല്‍ 5.00 മണി വരെയും ആയിരിക്കും.
പ്രീ-പ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11.00 മണിയ്ക്കും ഒന്‍പതാം ക്ലാസ് രാവിലെ 11.30 മുതല്‍ 12.30 വരെയും (രണ്ട് ക്ലാസുകള്‍) ആയിരിക്കും. ഒന്‍പതാം ക്ലാസ് കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 1.00 മുതല്‍ 2.00 മണി വരെ പുനഃസംപ്രേഷണം ചെയ്യും. പ്ലസ്ടു ക്ലാസുകള്‍ രാവിലെ 9.00 മുതല്‍ 11.00 വരെയും 12.30 മുതല്‍ 1.30 വരെയും ആയി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സില്‍ രാത്രി 8.30 മുതലും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ പിറ്റേദിവസം വൈകുന്നേരം 5.00 മണി മുതല്‍ 8.00 മണിവരെയും ആയിരിക്കും.
ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളും, പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തില്‍ത്തന്നെ സംപ്രേഷണം തുടരും. ഉച്ചയ്ക്ക് 2.00, 2.30, 3.00, 3.30, 4.00, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ 9.30 മുതല്‍ 1.00 മണി വരെ ഈ ക്ലാസുകള്‍ ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 5.30 മുതല്‍ 7.00 വരെയാണ്. ഈ ക്ലാസുകള്‍ അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സില്‍ രാവിലെ 6.00 മുതല്‍ 7.30 വരെയും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ രാവിലെ 8.00 മുതല്‍ 9.30 വരെയും പുനഃസംപ്രേഷണം ചെയ്യും.
ഉച്ചയ്ക്ക് ശേഷവും റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ സമയക്രമത്തില്‍ വീണ്ടും മാറ്റം വരുത്തുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇംഗ്ലീഷ് മീഡിയം പ്രത്യേകം ക്ലാസുകളും സംപ്രേഷണം ചെയ്തുവരുന്നുണ്ട്. ക്ലാസുകളും സമയക്രമവും ഫസ്റ്റ്ബെല്‍ പോര്‍ട്ടലായ www.firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.