തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അമിത ഫീസീടാക്കുന്ന സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. അലോട്ട്മെന്റ് ലെറ്ററിൽ പറയുന്നതിനേക്കാൾ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശം. മഴയെ തുടർന്ന് വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളത് കൊണ്ടും അപേക്ഷകർക്ക് എത്താൻ ബുദ്ധിമുട്ടായതിനാലുമാണ് നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് മന്ത്രി പറഞ്ഞു.
അധിക ഫീസീടാക്കുന്ന സ്കൂളുകൾക്കെതിരെ പരിശോധന നടത്താൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്കൂളുകളിലെ അനധികൃത പിരിവിനെ കുറിച്ചുള്ള പരാതികൾ വിദ്യാഭ്യാസ വകുപ്പിന്റെ ടെലിഫോൺ നമ്പറുകളിലൂടെയും ഇമെയിലുകളിലൂടെയും നൽകാം.