പാലക്കാട്: പാലക്കാട് തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു മിഥുൻ. മിഥുന്റെ സഹോദരൻ അടക്കം ആറ് പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി. മാർച്ച് രണ്ടിന് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവമോർച്ച നേതാവ് അരുൺ കുമാറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ 11 നാണ് മരണം സംഭവിച്ചത്.
എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അരുൺ കുമാറിൻ്റെ മരണത്തിനിടയാക്കിയത് പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തൽ. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.