ന്യൂഡല്‍ഹി: ഡെന്റൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക കൗൺസിലിംഗ് ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ഡെന്റൽ മെഡിക്കൽ കോളേജുകൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. നീറ്റ് സ്കോർ ഉണ്ടായിട്ടും കൗൺസിലിംഗിന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നാണ് ആവശ്യം.
കേരളത്തിൽ അഞ്ഞൂറോളം സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് കോളേജുകൾ കോടതിയെ സമീപിച്ചത്. നീറ്റ് ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള തൊട്ടടുത്ത തീയതിയായിരുന്നു കേരളത്തിൽ കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. ഈ സാഹചര്യത്തിൽ പല വിദ്യാർത്ഥികൾക്കും അപേക്ഷ പൂർണമായി സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നും ഹർജിയിൽ പറയുന്നു.
പ്രവേശനത്തിനുള്ള അപേക്ഷ പൂർത്തിയായതിനാൽ ഈ ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് മെഡിക്കൽ കോളേജുകൾക്ക് വേണ്ടി കോടതിയിൽ ഹർജി സമർപ്പിച്ചത്.