
മനാമ: ബഹ്റൈനില്‍ പാനീയങ്ങള്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ നിറച്ചു വില്‍ക്കുന്നത് നിരോധിക്കാനുള്ള നീക്കം സജീവം.
പാര്‍ലമെന്റിന്റെ സാമ്പത്തിക, ധനകാര്യ കമ്മിറ്റി ചെയര്മാന് അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് എം.പിമാര്‍ കൊണ്ടുവന്ന ഈ നിര്‍ദേശം രാജ്യത്തെ മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളും കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡും അംഗീകരിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനകം ഘട്ടംഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് പൂര്‍ണ നിരോധനം കൊണ്ടുവരാനാണ് നീക്കം. പിന്നീട് പാനീയങ്ങള്‍ ചില്ലുകുപ്പികളിലോ അല്ലെങ്കില്‍ ഏതെങ്കിലും തരം ലോഹപ്പാത്രങ്ങളിലോ മാത്രം വില്‍ക്കാനായിരിക്കും അനുമതിയുണ്ടാകുക.
പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒരു സാമൂഹ്യ ശല്യമാണെന്നും ഇത് കടുത്ത പാരിസ്ഥിതിക വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അല്‍ സല്ലൂം പറഞ്ഞു. ജനങ്ങള്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ വലിച്ചെറിയുന്നതുപോലെ ചില്ലുകുപ്പികളോ ലോഹപ്പാത്രങ്ങളോ അലക്ഷ്യമായി വലിച്ചെറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


