തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് പി.കെ ശ്രീമതിയെ തിരഞ്ഞെടുത്തത്. മറിയം ധാവ്ളെ ജനറൽ സെക്രട്ടറിയായി തുടരും. മാലിനി ഭട്ടാചാര്യ മൂന്ന് ടേം പൂർത്തിയാക്കിയതിനെ തുടർന്നാണ് പി കെ ശ്രീമതിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്. സുശീല ഗോപാലനു ശേഷം ഇതാദ്യമായാണ് ഒരു മലയാളി ദേശീയ പ്രസിഡന്റാകുന്നത്.
പി.സതീദേവി, സൂസൻ കൊടി, പി.കെ.സൈനബ എന്നിവരും വൈസ് പ്രസിഡന്റുമാരാണ്. എൻ സുകന്യ, സി എസ് സുജാത എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. ട്രാൻസ് വനിതകൾക്ക് അംഗത്വം നൽകുന്നതിനായി അസോസിയേഷന്റെ ഭരണഘടനയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. 15 വയസ്സിനു മുകളിലുള്ള ഏതൊരു സ്ത്രീക്കും അംഗത്വമെടുക്കാം. നാലുദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.