കൊച്ചി: പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്.
25,000 രൂപ കോടതിച്ചെലവ് കെട്ടിവെയ്ക്കാനും സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. കുട്ടിയെ സമൂഹമധ്യമത്തില്‍ വെച്ച് മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി വിധിച്ചു. ജില്ലാ പൊലീസ് മേധാവിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരി പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായ സംഭവത്തിലാണ് ഹൈക്കോടതി ഉത്തരവ്. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും കോടതി ഉത്തരവിട്ടു.
പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട കാര്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി.