ന്യൂഡല്‍ഹി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ലിസ്റ്റ് ചെയ്തു. വി.എസ്. അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ 2021ൽ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്നത്.
കെട്ടിക്കിടക്കുന്ന കേസുകൾ ലിസ്റ്റ് ചെയ്യണമെന്ന ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി ലിസ്റ്റ് ചെയ്തത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 2021 മെയ് 20 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് നടന്നത്. 2021 മെയ് 18നാണ് ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ആരോപിച്ച് കെ.എം ഷാജഹാൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കേന്ദ്ര സർക്കാർ, സംസ്ഥാന ചീഫ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. ഹർജി അടുത്ത ദിവസം തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജഹാന്റെ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടർന്ന് പിറ്റേന്ന് അദ്ദേഹം ചീഫ് ജസ്റ്റിസിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് അനുകൂല നിലപാട് സ്വീകരിച്ചില്ല.