ന്യൂഡൽഹി: കൊല്ലം കൊട്ടിയത്ത് പൊലീസുകാർ സെെനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് നടിയും ബി ജെ പി നേതാവുമായ ഖുഷ്ബു സുന്ദർ രംഗത്ത്. തന്റെ ട്വിറ്റർ പേജിൽ പൊലീസുകാർ ബലപ്രയോഗം നടത്തുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് ഖുഷ്ബു പ്രതികരിച്ചത്.’ഒരു പ്രാദേശിക വിഷയത്തിന്റെ പേരിൽ ഒരു സെെനികനെ ബലപ്രയോത്തിലൂടെ അറസ്റ്റ് ചെയ്യുന്ന കേരള പൊലീസ്. മദ്രാസ് റെജിമെന്റിലെ നായിക് കിരൺ കുമാറിനെ ഇത്തരത്തിൽ ക്രൂരമായ രീതിയിലാണ് കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്തിനാണ് ഈ ക്രൂരത പിണറായി വിജയൻ സാർ?’, എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ പിണറായി വിജയനെ ടാഗ് ചെയ്തിട്ടുണ്ട്.
എന്നാൽ കിരൺ കുമാർ ഉൾപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ തങ്ങളെ അദ്ദേഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അതേസമയം, പൊലീസ് സൈനികനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊട്ടിയം ചെന്താപ്പൂരിലെ എൻഎസ്എസ് കരയോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. സൈനികനായ കിരണ്‍കുമാറിന്റെ അച്ഛൻ തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചു എന്ന് കാണിച്ച് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.തനിക്ക് മര്‍ദ്ദനമേറ്റെന്ന് കാട്ടി തുളസീധരന്‍ പിള്ളയും പൊലീസിനെ സമീപിച്ചു. വൈകിട്ടോടെ കരയോഗം പ്രസിഡന്റ് സുരേഷിന്റെ വീട്ടിലെത്തി സ്ത്രീകളെ കിരണ്‍കുമാർ അസഭ്യം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ എത്തിയ കൊട്ടിയം ഇന്‍സ്പെക്ടർ പി വിനോദ്, എസ് ഐ സുജിത് വി നായര്‍ എന്നിവരെ കിരണ്‍കുമാർ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.