തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മോദിക്കെതിരെ കേസെടുക്കണം. പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണ് അദ്ദേഹം. രാജ്യവിരുദ്ധവും വര്‍ഗീയ പ്രചാരണവുമാണ് അദ്ദേഹം നടത്തിയത്. രാജ്യത്തെ ആളുകളെ നുഴഞ്ഞുകയറ്റക്കാരെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാനാവും.
തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ ഇടപെടണം. നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം പ്രധാനമന്ത്രിക്ക് എങ്ങനെയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തെ മുസ്ലീങ്ങളെ പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കല്പ്പ കഥകള്‍ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളില്‍ വളര്‍ത്തുന്ന പ്രചാരണാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലീം വിഭാഗത്തെ നുഴഞ്ഞുകയറ്റക്കാരായി പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കിടയില്‍ ധാരാളം മുസ്ലീങ്ങളുണ്ട്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി ശരിയായ രീതിയില്‍ ജനങ്ങള്‍ പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ കാര്യമാണ് നടന്നത്. എന്നാല്‍ നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം മോദിക്കുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം പൗരത്വ നിയമത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലോകത്ത് ഒരു പരിഷ്കൃത രാജ്യവും പൗരത്വം മതാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രവും അഭയാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നില്ല. അത്തരം ലോകത്താണ് നമ്മുടെ രാജ്യം മതനിരപേക്ഷത തകര്‍ത്തുകൊണ്ട് പൗരത്വം മതാടിസ്ഥാനത്തില്‍ ആക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കരിനിയമം ആയ യുഎപിഎയെ കൂടുതല്‍ കരിനിയമമാക്കാന്‍ ഭേദഗതി കൊണ്ടുവരുന്നു. കോണ്‍ഗ്രസ് എന്താണ് ചെയ്തത്. നമ്മുടെ പതിനെട്ട സംഘം വരെ അതിന്റെ കൂടെ നിന്നുവെന്നും പിണറായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പ്രകടപത്രിക തയ്യാറാക്കാന്‍ നിശ്ചയിച്ച സമിതി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ശക്തമായി അതില്‍ ചേര്‍ത്തിരുന്നു.
പക്ഷേ നേതാക്കള്‍ അടങ്ങിയ സമിതി യോഗം ചേര്‍ന്നപ്പോള്‍ അത് വേണ്ടെന്ന് വെച്ചു. ആ സമിതിയുടെ അധ്യക്ഷന്‍ പി ചിദംബരം പറഞ്ഞിരിക്കുന്നത് നീളം കൂടിപ്പോയത് കൊണ്ടാണ് ഈ ഭാഗം ഉള്‍പ്പെടുത്താതിരുന്നതെന്നാണ്. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുമെന്നൊരു വാചക് എഴുതിയാല്‍ പ്രകടനപത്രികയുടെ നീളം കൂടിപ്പോകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്നും ചിദംബരം പറഞ്ഞു.