
തൃശ്ശൂര്‍: അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അമേരിക്കയുടെ ഈ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം പറഞ്ഞത്.
കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് ശരീരം അനങ്ങാന്‍ പറ്റാത്ത അവസ്ഥ. ശുചിമുറിയില്‍ പോകുന്നതിന് ഉള്‍പ്പെടെ നിരങ്ങി പോകേണ്ടിവന്നുവെന്നാണ് അവര്‍ തന്നെ പറഞ്ഞത്. എന്തിനാണ് ഇത്തരത്തിലുള്ള ഒരു നില സ്വീകരിച്ചത്. അവര്‍ ക്രിമിനലുകള്‍ ഒന്നുമല്ലല്ലോ. ഇന്ത്യയോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവായിട്ട് വേണം ഇതിനെ കാണാന്‍. എന്നാല്‍ അതിനെ ആ രീതിയില്‍ കാണാന്‍ നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അമേരിക്ക സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് പറയാനും അമേരിക്കയെ കുറ്റപ്പെടുത്താനും നമ്മുടെ രാജ്യത്തെ ഭരണാധികാരികളുടെ വിധേയത്വം അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്ക സാധാരണ ആളുകളെ ഇങ്ങനെയാണ് കയറ്റി അയയ്ക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രി പറയുന്നത്. ഇതിനൊപ്പം സ്ത്രീകളെയും കുട്ടികളെയും ചങ്ങലയ്ക്കിട്ടിരുന്നില്ലെന്ന് ഒരു ന്യായീകരണം കൂടി അദ്ദേഹം കണ്ടെത്തിയെന്നും ഇത് അങ്ങേയറ്റം ലജ്ജാകരമായെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരെയാണ് കഴിഞ്ഞദിവസം അമേരിക്ക സൈനിക വിമാനത്തില്‍ തിരിച്ചയച്ചത്. കൈകളില്‍ വിലങ്ങുകളും കാലുകളില്‍ ചങ്ങലയും ധരിപ്പിച്ചാണ് ഇവരെ വിമാനത്തില്‍ ഇന്ത്യയിലേക്കെത്തിച്ചത്. തിരിച്ചയച്ചവരെ യു.എസ്. കൈകാര്യംചെയ്ത രീതിയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. യു.എസിന്റേത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരെ കൈവിലങ്ങും ചങ്ങലയും ധരിപ്പിച്ചത് അമേരിക്കന്‍ അധികൃതര്‍ സ്വീകരിക്കുന്ന നടപടിക്രമത്തിന്റെ ഭാഗമായാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞത്. ചങ്ങലയും കൈവിലങ്ങും ധരിപ്പിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും കേന്ദ്രം ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
