
തിരുവനന്തപുരം: ആന്റണി രാജു അറിഞ്ഞ് കൊണ്ട് ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നും എല്ലാം അറിഞ്ഞ് പിണറായി വിജയന് ആന്റണി രാജുവിനെ മന്ത്രിയാക്കിയത് തെറ്റെന്നും വിഡി സതീശന് പറഞ്ഞു. എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും സതീശന് തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘എല്ലാം അറിഞ്ഞുകൊണ്ടാണ് പിണറായി വിജയന് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തെ രണ്ടരവര്‍ഷം മന്ത്രിയാക്കി കൊണ്ടുനടന്നു. ഒരിക്കലും ആക്കാന്‍ പാടില്ലായിരുന്നു. നിയമസഭയില്‍ മത്സരിപ്പിക്കാന്‍ പോലും പാടില്ലായിരുന്നു. കോടതിക്ക് സംശയം തോന്നിയതുകൊണ്ടാണ് കേസില്‍ രണ്ടാമതും തെളിവെടുപ്പ് നടത്തിയത്.ഇതുതന്നെയാണ് ശബരിമലക്കേസിലും നടക്കുന്നത്. സ്വര്‍ണം കൊള്ള ചെയ്ത സിപിഎം നേതാക്കളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് കൊളളകാര്‍ക്ക് കുട പിടിച്ചുകൊടുക്കയാണ്. ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല’ -സതീശന് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് സതീശന് പറഞ്ഞു. യുഡിഎഫില്‍ സീറ്റ് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചിട്ടില്ല. അടുത്തമാസം ഒന്ന് മുതല്‍ ആരംഭിക്കും. കൂടുതല്‍ സീറ്റില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമുണ്ട്. അങ്ങനെ ആഗ്രഹിച്ചതുകൊണ്ട് മാത്രം മത്സരിക്കാന്‍ സാധിക്കുമോയെന്നും മാധ്യമങ്ങള്‍ വെറുതെ കുത്തിത്തിരിപ്പുണ്ടാക്കുകയാണെന്നും സതീശന് പറഞ്ഞു.
തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനും കോടതി ജീവനക്കാരനായ ജോസിനും 3 വര്‍ഷം തടവ്. ഗൂഢാലോചനയ്ക്ക് 6 മാസവും ശിക്ഷ വിധിച്ചു. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന്റെ എംഎല്‍എ പദവി നഷ്ടമാകും. അപ്പീല്‍ നല്‍കാനായി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു.
മത്സരിക്കാന്‍ അയോഗ്യതയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്ന് ഇറങ്ങുന്ന ദിവസം മുതല്‍ ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കോടതിയില്‍ അപ്പീല്‍ നല്കി ശിക്ഷയ്ക്കും ശിക്ഷാവിധിക്കും സ്റ്റേ ലഭിച്ചാല്‍ മത്സരിക്കാം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) അനുസരിച്ചാണ് അയോഗ്യത.
1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.


