
കണ്ണൂര്: കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച കണ്ണൂർ സ്വദേശി റീമയുടെ ഭർത്താവ് കുഞ്ഞിനെ വേണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത് വന്നു. റീമ കുഞ്ഞുമായി ജീവനൊടുക്കിയതിന്റെ ഒരു ദിവസം മുൻപുള്ളതാണ് ഫോൺ സംഭാഷണം. കമൽരാജിന്റെ അമ്മയാണ് പ്രശ്നത്തിന് കാരണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ‘’അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവർ. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്പര ധാരണയോടെ പിരിയാമെന്നാണ് റീമ പറയുന്നത്.” കുഞ്ഞിനെ കിട്ടാൻ കമൽരാജ് വാശിപിടിക്കുന്നതും പുറത്ത് വന്ന സംഭാഷണത്തിൽ വ്യക്തമാണ്.
തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവും അമ്മയുമാണെന്നാണ് റീമയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഭർത്താവ് കമൽരാജും അമ്മ പ്രേമയും നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും വീട്ടിൽ നിന്ന് കുഞ്ഞിനൊപ്പം പുറത്താക്കിയെന്നും കുറിപ്പിൽ പറയുന്നു. കുഞ്ഞിന് വേണ്ടി കമൽരാജ് ഭീഷണി മുഴക്കിയെന്നും റീമ പറയുന്നുണ്ട്. ഇത് തെളിയിക്കുന്നതാണ് ശബ്ദരേഖ.
നാട്ടിലെ നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും റീമ ആത്മഹത്യകുറിപ്പിലെഴുതിയിട്ടുണ്ട്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടരുകയാണ്.
