പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ 8 പേർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകാവെ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരമാലയിൽ പ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട വള്ളത്തിൽ മറ്റൊരു വള്ളം ഇടിച്ചായിരുന്ന അപകടം. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പുലിമുട്ടിൽ ഇടിച്ച് കയറിയ വള്ളം പൂർണ്ണമായി തകർന്നു . പെരുമാതുറ സ്വദേശികളുടെ ഹസ്ബി റബ്ബി എന്ന വള്ളത്തിൽ സെന്റ് ജോസഫ് എന്ന മറ്റൊരു വള്ളം ഇടിക്കുകയായിരുന്നു. 23 പേർ അടങ്ങുന്ന സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ മറ്റ് മത്സ്യ തൊഴിലാളികൾ എത്തി രക്ഷപ്പെടുത്തി. നിസ്സാമുദ്ദീൻ, സിദ്ധീഖ്, സൈദലി, കബീർ, ഷാക്കിർ , നഹാസ്, സുബൈർ , മുജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അപകടത്തെ തുടർന്ന് തകർന്ന വള്ളത്തിലുണ്ടായിരുന്ന വല സെന്റ് ജോസഫ് വള്ളത്തിൽ കുരുങ്ങുകയും തകർന്ന വള്ളവും വലയും കായലിൽ എത്തിച്ചെങ്കിലും കരയ്ക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്.
