
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവായ സ്ഥിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ സീറ്റുകളോടെ ജനം എല്‍ഡിഎഫിനെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രത്യേക അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ പൊതു കാര്യമാണ്. അതിലെ ജനവിധി കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ അനുഭവം വിലയിരുത്തും. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ സാഹചര്യം താരതമ്യം ചെയ്താല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇതാണ് കണക്ക്, നാടിന്റെ അനുഭവങ്ങൾ ഓരോരുത്തര്‍ക്കും വ്യത്യസ്ഥമാണ്. നിയമനത്തിന് ഇന്ന് കൈക്കൂലി നല്‍കേണ്ടിവരുന്നുണ്ടോ, നേരത്തെ പലതിനും റേറ്റുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. അതില്‍ മാറ്റം വന്നതില്‍ എല്‍ഡിഎഫിന് വലിയ പങ്കുണ്ട്. ഓരോ രംഗത്തും അത്ഭുതാവഹമായ മാറ്റം പ്രകടമാണ്.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് നേട്ടത്തിന്റെ ഉദാഹരണമാണ്. നവജാത ശിശു മരണം, മാതൃമരണ നിരക്ക് എന്നിവ കുറഞ്ഞത് കേരളത്തിന്റെ മുന്നേറ്റമാണ്. വിദ്യാഭ്യാസ രംഗം പ്രതിസന്ധി നേരിട്ട കാലത്താണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അടച്ചുപൂട്ടാന്‍ നിന്ന സ്കൂളുകള്‍ ഇന്ന് മാറി. പാഠപുസ്തകങ്ങള്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് നല്‍കേണ്ടിവന്ന കാലമുണ്ടായിരുന്നു. അതെല്ലാം അവഗണനയുടെ ഫലമായിരുന്നു. ആളുകളുടെ അനുഭനത്തില്‍ വന്ന മാറ്റങ്ങളാണ് സംസ്ഥാനം എങ്ങനെ പോകണമെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത്. അതാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാം. എല്‍ഡിഎഫിന് കനഗോലുവില്ല, ജനങ്ങളിലാണ് വിശ്വാസം എന്നും മുഖ്യമന്ത്രി അറിയിച്ചു.
എകെ ബാലൻ ഓർമിപ്പിച്ചത് കേരളത്തിന്റെ മുൻകാല ചരിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണ്. നേരത്തെ ചിത്രം വ്യത്യസ്ഥമായിരുന്നു. അതാണ് എ കെ ബാലന് ഓര്‍മ്മിപ്പിച്ചത് എന്നാണ് കരുതുന്നത്. മാറാട് കലാപത്തിന് ശേഷം പ്രദേശം സന്ദര്‍ശിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി പ്രദേശത്ത് എത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ കൂടെ കൂട്ടാന്‍ പാടില്ലെന്ന് ആര്‍എസ്എസ് നിലപാട് എടുത്തു. അന്ന് ആര്‍എസ്എസിന്റെ അനുവാദം വാങ്ങിയാണ് പ്രദേശത്തേക്ക് പോയത്. എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം ഒരു നിലപാട് എടുത്തത് എന്തിനാണ്.
അതാണ് യുഡിഎഫിന്റെ രീതി, യുഡിഎഫ് വര്‍ഗീയതയെ സമീപിക്കുന്നത് എന്നതാണ് പ്രശ്നം. നിലപാടുകള്‍ ആണ് വര്‍ഗീയ പ്രശ്നങ്ങള്‍ ആളിക്കത്തിയത്. വര്‍ഗീയ സംഘര്‍ഷങ്ങളെ നേരിടുന്നതില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിന് ആയില്ല. ഇന്നും കേരളത്തില്‍ വര്‍ഗീയ ശക്തികളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് കാരണം. യുഡിഎഫ് വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന സാഹചര്യമാണ് എകെ ബാലന് ചൂണ്ടിക്കാട്ടിയത്.
കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടിയത് എങ്ങനെ ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കലാകും. അത്തരം വാദം ജമാ അത്തെ ഇസ്ലാമിയുടെ വാദമാണ്. വിമര്‍ശനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണെന്ന് വരുത്തി തീര്‍ക്കുന്നു. ആര്‍എസ്എസ് വിമര്‍ശനം ഹിന്ദുക്കളോടുള്ള എതിര്‍പ്പല്ല, ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ വിമര്‍ശനം മുസ്ലീങ്ങളോടുള്ള എതിര്‍പ്പല്ല. വര്ഗീ ശക്തികള്‍ ചെറിയ സ്വാധീനമാണ് ഉള്ളത്. ആ വര്‍ഗീയത യുഡിഎഫ് തിരിച്ചറിയുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


