ഈരാറ്റുപേട്ട: ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതികരണവുമായി മുൻ പൂഞ്ഞാർ എം.എൽ.എയും കേരള ജനപക്ഷം നേതാവുമായ പി.സി ജോർജ്. ലാവലിൻ കേസിലെ വിധി അടുത്ത മാസം വരുമെന്ന് ഉറപ്പായതോടെയാണ് തനിക്കെതിരെ പുതിയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതെന്നും പി സി ജോർജ് ആരോപിച്ചു. വിധി വരുമ്പോൾ പിണറായിക്ക് ജയിലിൽ പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് അവിഹിത മാർഗങ്ങൾ ഉപയോഗിച്ച് 20 വർഷമായി കേസ് തടഞ്ഞുവച്ചിരിക്കുന്നത്. വിധിയുടെ കാര്യം ചർച്ചയാകാതിരിക്കാനാണ് റെയ്ഡ് നടത്തിയതെന്നും പി സി ജോർജ് പറഞ്ഞു.
നടൻ ദിലീപിന്റെ സഹോദരനുമായി മകൻ ഷോൺ ജോർജ് സംസാരിച്ച ഫോൺ കണ്ടെത്താനെന്ന വ്യാജേനയാണ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡിന് എത്തിയതെന്ന് പി സി ജോർജ് പറഞ്ഞു. 2019 ൽ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ഷോൺ ജോർജ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയ ഫോൺ ആണ് 2022 ൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ കത്ത് സഹിതമാണ് ജോർജ് ഇക്കാര്യം പറഞ്ഞത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് റെയ്ഡിനുള്ള ഉത്തരവ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.