തൃശൂര്‍: വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. വീട്ടില്‍ കയറി അക്രമം നടത്തിയ കേസിന്റെ അന്വേഷണത്തിനിടയില്‍ പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയ കേസിലെ പ്രതികളെയാണ് പാവറട്ടി പൊലീസ് അറസ്റ്റു ചെയ്തത്. മുല്ലശേരി പൂച്ചക്കുന്ന് സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ ഷിഹാബ് എന്നു വിളിക്കുന്ന മുഹമ്മദ് ഹനീഫ (40), ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാണ്ടത്ത് വീട്ടില്‍ മിഥുന് (27), എളവള്ളി പണ്ടറക്കാട് സ്വദേശി വടേരി വീട്ടില്‍ സനോജ് (27) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്തിന്റെ നേതൃത്വത്തില്‍് അറസ്റ്റു ചെയ്തത്.
പൂച്ചക്കുന്ന് സ്വദേശിയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ദേഹോപദ്രവം ഏല്‍പ്പിക്കുകയും വീട്ടില്‍ നാശനഷ്ടം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വധശ്രമം, കവര്‍ച്ച, ഭവനഭേദനം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതികളുമാണിവരെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദ് ഹനീഫ റൗഡി ലിസ്റ്റില്‍ പേരുള്ളയാളാണ്. ഇയാള്‍ക്ക് പാവറട്ടി, ചാവക്കാട്, മാള എന്നീ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളും രണ്ടാം പ്രതി മിഥുനിന്റെ പേരില്‍ അന്തിക്കാട്, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളും മൂന്നാം പ്രതി സനോജിന്റെ പേരില്‍ പാവറട്ടി സ്റ്റേഷനില്‍ പതിനാലോളം കേസുകളുമാണുള്ളതെന്ന് പൊലീസ് അറിയിച്ചു.
അന്വഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജോഷി എം.ജെ, സജീവ് ഐ.ബി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നന്ദകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയകൃഷ്ണന്, പ്രവീണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.