കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തു. ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടർ അശോകനെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഐ.എം.എയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിൽ സൂചനാ സമരവും നടക്കും.
ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിനിയുടെ കുഞ്ഞ് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്നു യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോ.അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി.ടി സ്കാൻ ഫലം വൈകുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു അപ്പോഴാണ് രോഗിയുടെ ബന്ധുക്കൾ നഴ്സിംഗ് കൗണ്ടറിന്റെ ചില്ലുകൾ ചെടിച്ചട്ടി കൊണ്ട് അടിച്ച് തകർത്തത്. സംഭവ സ്ഥലത്തെത്തിയ ഡോ.അനിതയുടെ ഭർത്താവ് ഡോ.അശോകനെയും ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു.
യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്.