കൊച്ചി: കനത്ത മഴയിൽ റോഡ് തകർന്നതിനെ തുടർന്ന് രോഗിയായ വീട്ടമ്മയെ ആശുപത്രിയിൽ നിന്ന് തരികെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
പൂയംകുട്ടിക്കു സമീപം ബ്ലാവന കടവിൽ നിന്ന് ജങ്കാറിൽ പുഴ വട്ടം കടന്ന് 14 കിലോമീറ്റർ ദുർഘടമായ കാട്ടുപാതയിലൂടെ ജീപ്പിൽ സഞ്ചരിച്ചാണ് തേര കുടിയിലെത്തുന്നത്. എന്നാൽ തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് പാച്ചാംപള്ളി തോട് മുതൽ തളരംപഴം മരം വരെ രണ്ട് കിലോമീറ്റർ റോഡ് കുത്തിയൊലിച്ചു പോവുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയെ രണ്ട് കിലോമീറ്ററോളം ദൂരം ചുമന്ന് വീട്ടിലെത്തിക്കേണ്ടി വന്നത്.
ശ്വാസതടസം ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മയെ പാച്ചാംപള്ളി തോട് വരെ ജീപ്പിലെത്തിച്ചു. അതിന് ശേഷം മരക്കമ്പുകൾ കൊണ്ട് കെട്ടി ഉണ്ടാക്കി അതിൽ കിടത്തി ചുമന്നാണ് വീട്ടിലെത്തിച്ചത്. കനത്ത മഴയെ തുടർന്ന് കാട്ടുപാതയുടെ പല ഭാഗങ്ങളും തകർന്നാണ് കിടക്കുന്നത്.
ആശുപത്രിയിൽ പോകുന്നതിനും വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനു മൊക്കെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് ഈ വഴി. കയറ്റവും ഇറക്കവുമെല്ലാമുള്ള കാട്ടുപാതയിലൂടെയാണ് ഇപ്പോഴത്തെ യാത്ര. ആശുപത്രി കേസുകളടക്കം വരുമ്പോൾ ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണ്. റോഡ് നന്നാക്കുന്നതിന് എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്ന് തേര ആദിവാസി കോളനി ഊരുമൂപ്പൻ ലക്ഷ്മണൻ സവർണ്ണൻ പറഞ്ഞു. എല്ലാവർഷം റോഡ് നന്നാക്കി തരണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടാകുന്നില്ലെന്നും ഊരുമൂപ്പൻ പറഞ്ഞു.