പത്തനംതിട്ട: പത്തനംതിട്ടയിലെ 15 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരെ പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പങ്കെടുത്ത ജില്ലാ നേതൃ-യോഗത്തിലാണ് തീരുമാനം. മണ്ഡലം പ്രസിഡന്റ്മാരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളടക്കം വിലയിരുത്തിയാണ് നടപടി.
കോൺഗ്രസിന് പിന്നാലെ യൂത്ത് കോൺഗ്രസും സെമി കേഡർ പാതയിൽ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉടനടി നടപടി സ്വീകരിച്ചു. പത്തനംതിട്ട ജില്ലയിലെ മുഴുവൻ സംസ്ഥാന ജില്ലാ അസംബ്ലി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് സജീവമല്ലാത്ത മണ്ഡലം കമ്മിറ്റികൾക്കും പ്രസിഡന്റുമാർക്കുമെതിരെ നടപടിയെടുത്തത്.
അസംബ്ലി യൂത്ത് കോൺഗ്രസ് പ്രസിഡന്റ്മാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ തിരിച്ചുള്ള ചർച്ചകൾ നടന്നു. 15 മണ്ഡലം പ്രസിഡന്റുമാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒരു ഘട്ടത്തിൽ പോലും പ്രവർത്തനത്തിനിറങ്ങിയല്ല. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ മത്സരിച്ച അടൂരിൽ പോലും മണ്ഡലം പ്രസിഡന്റ്മാർ സജീവമായില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ട ചിലർ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. റാന്നി തിരുവല്ല അസംബ്ലി കമ്മിറ്റികളുടെ കീഴിലാണ് ഏറ്റവും അധികം നടപടി നേരിട്ട മണ്ഡലം പ്രസിഡന്റുമാർ. വിട്ടു നിന്നവരെ സജീവമാക്കാൻ ശ്രമിക്കാതിരുന്ന അസംബ്ലി പ്രസിഡന്റ്മാർക്കെതിരെയും വിമർശനം ഉയർന്നു.
കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ എഴുമറ്റൂർ മൈലപ്ര പെരിങ്ങര വെച്ചൂച്ചിറ മണ്ഡലങ്ങളിൽ പ്രസിഡന്റ്മാർക്കെതിരെ നടപടി എടുത്തതാണ് ശ്രദ്ധേയം. നടപടിയിൽ ജില്ലയിലെ ഗ്രൂപ്പ് മാനേജർമാർക്ക് അസംതൃപ്തിയുണ്ടെങ്കിലും എ ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളായ സംസ്ഥാന വൈസ്പ്രസിഡന്റ്മാർ കൂടി പങ്കെടുത്ത യോഗത്തിൽ ആരും അതൃപ്തി പരസ്യമാക്കിയില്ല.
