ദുബായ്/അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിൽ പോലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാക്കുന്നതിനായി ബിഎൽഎസ് ഇന്റർനാഷണലിന്റെ മൂന്ന് കേന്ദ്രങ്ങൾ ആഴ്ചയിൽ ഏഴ് ദിവസം പ്രവർത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ദുബായിൽ രണ്ട് കേന്ദ്രങ്ങളും ഷാർജയിൽ ഒരു കേന്ദ്രവും ഞായറാഴ്ചകളിൽ പ്രവർത്തിക്കും.
സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താൽപ്പര്യം കണക്കിലെടുത്താണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. മറ്റ് എമിറേറ്റുകളിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നത് പിന്നീട് പരിഗണിക്കും. വാരാന്ത്യമായ ഞായറാഴ്ചകളിൽ സേവനം ലഭ്യമാകുന്നതിനാൽ, കോൺസൽ സേവനങ്ങൾക്കായി തൊഴിലാളികൾക്ക് പ്രവൃത്തി ദിവസം അവധി എടുക്കുന്നത് ഒഴിവാക്കാം.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടനാ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാന ടിക്കറ്റ് നിരക്ക് വർദ്ധന, വോട്ടവകാശം തുടങ്ങിയ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംഘടനാ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി തീരുമാനമെടുക്കാമെന്നും മന്ത്രി ഉറപ്പു നൽകി.