
മനാമ: ബഹ്റൈനില്‍ അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ട് എത്തിക്കുന്ന പുതിയ സേവനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്പോര്‍ട്ട്, റസിഡന്‍സി കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ അറിയിച്ചു.
ദേശീയ പോര്‍ട്ടല്‍ Bahrain.bh വഴി ഇഷ്യൂ ചെയ്യാനും മാറ്റാനുമുള്ള അപേക്ഷ അംഗീകരിച്ചതിന് ശേഷം ഉടന്‍ തന്നെ ഡെലിവറി നടക്കും. അപേക്ഷകര്‍ ബഹ്റൈനിലുള്ളവരായിരിക്കണം.
ബഹ്റൈനില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പുതിയ സേവനം ആരംഭിക്കുന്നതെന്ന് ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് പറഞ്ഞു. ഓഗസ്റ്റില്‍ പുതിയ അപേക്ഷാ സംവിധാനം ആരംഭിച്ചതിന് ശേഷം 7,500ലധികം അപേക്ഷകള്‍ എത്തിയിട്ടുണ്ട്.
ഗുണഭോക്താക്കള്‍ക്ക് Bahrain.bh വഴി അപേക്ഷിക്കാമെന്നതിനാല്‍ പുതിയ സംവിധാനം സമയവും പരിശ്രമവും ലാഭിക്കാന്‍ സഹായിക്കും. കോണ്ടാക്റ്റ് സെന്റര്‍ വഴിയോ എന്‍.പി.ആര്.എ. വെബ്സൈറ്റ് വഴിയോ വിവരങ്ങള്‍ അന്വേഷിച്ചറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
