തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയ്ക്ക് പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ നൽകിയ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും.
ശമ്പള കുടിശ്ശിക വിവാദത്തിന് പിന്നാലെയാണ് ചിന്താ ജെറോമിനെതിരായ ലോകായുക്തയിലെ പരാതി. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് 17 മാസത്തെ ശമ്പള കുടിശ്ശികയായി 8.5 ലക്ഷം രൂപ നൽകാനുള്ള ധനവകുപ്പിന്റെ തീരുമാനം വിവാദമായിരുന്നു. ശമ്പളത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത് താനല്ല, കമ്മീഷൻ സെക്രട്ടറിയാണെന്നായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ, ചിന്താ ജെറോമിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് ഫയലുകളിൽ വ്യക്തമാണ്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് ഭീമമായ ശമ്പള കുടിശ്ശിക നൽകുന്നത്. 2016 ഒക്ടോബർ നാലിനാണ് ചിന്ത കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്.