
ജനീവ: നിർമിതബുദ്ധി (എ.ഐ) മുന്നേറ്റങ്ങളിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടുന്നതിൽ നീതിയും സമത്വവും ഉറപ്പാക്കുന്നതിന് സാങ്കേതിക വിടവുകൾ പരിഹരിക്കേണ്ടതുണ്ടെന്ന് ബഹ്റൈൻ പാർലമെന്ററി സംഘം അഭിപ്രായപ്പെട്ടു.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഇൻ്റർ പാർലമെൻ്ററി യൂണിയൻ്റെ 149-ാമത് ജനറൽ അസംബ്ലിയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് ബഹ്റൈൻ പാർലമെന്ററി സംഘം ഈ അഭിപ്രായമുന്നയിച്ചത്. ശൂറ കൗൺസിൽ അംഗങ്ങളായ ദലാൽ ജാസിം അൽ സായിദ്, ഡോ. ബസ്സാം ഇസ്മായിൽ അൽ ബിൻ മുഹമ്മദ്, പാർലമെന്റ് അംഗം ഡോ. മഹ്ദി അബ്ദുൽ അസീസ് അൽ ഷൊവൈഖ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


നിർമിതബുദ്ധി വികസനത്തിൽ ധാർമ്മികവും സാംസ്കാരികവുമായ മാനങ്ങൾ പാലിക്കാനും മാനുഷിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കാനും സംസ്കാരങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കാനും സംഘം ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിൽ നിർമിതബുദ്ധിയുടെ സ്വാധീനം നിരീക്ഷിക്കുന്നതിനും വോട്ടർമാരുടെ വിശ്വാസത്തെയും സുതാര്യതയെയും ദുർബലപ്പെടുത്തുന്ന തെറ്റായ വിവരങ്ങളിൽനിന്ന് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും നിയമപരമായ സംവിധാനങ്ങളുണ്ടാകണം.
കൃത്രിമത്വത്തെ ചെറുക്കുന്നതിനും ജനാധിപത്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പുകളുടെ നീതിയും ജനാധിപത്യ പ്രക്രിയയിൽ പൊതുവിശ്വാസവും ഉറപ്പാക്കുന്നതിനും ഫലപ്രദമായ നിയമങ്ങൾ ആവശ്യമാണെന്നും സംഘം പറഞ്ഞു.
കരട് രേഖയിൽ നിരവധി ഭേദഗതികളും സംഘം നിർദ്ദേശിച്ചു.
