
മനാമ: സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി.
വിദേശനിക്ഷേപകര്‍, വാണിജ്യ സ്ഥാപന രജിസ്ട്രേഷനുകളുടെ വിദേശികളായ ഉടമകള്‍, ഫ്ളക്സി വിസയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ എന്നിവര്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടുന്നത് തടയാന്‍ സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് അംഗം ഖാലിദ് ബു അനാകിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച നിയമഭേദഗതി നിര്‍ദേശമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.
സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ വിദേശികള്‍ രാജ്യം വിടുന്നത് വര്‍ധിച്ചുവരികയാണെന്ന് എം.പിമാര്‍ പറഞ്ഞു. ബാങ്ക് വായ്പ തിരിച്ചടവ്, വാടക കുടിശ്ശിക, പിഴകള്‍ എന്നിവ അടയ്ക്കാതെയാണ് പലരും രാജ്യം വിടുന്നത്. ഇത് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുകയും വിക്ഷേപകരിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.


