
മനാമ: ബഹ്റൈനിലേക്ക് പാര്‍സല്‍ വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ ഹൈ ക്രിമിനല്‍ കോടതി സെപ്റ്റംബര്‍ 30ന് വിധി പറയും.
പാര്‍സല്‍ കസ്റ്റംസ് അധികൃതര്‍ എക്സറേ സ്കാനര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. അവര്‍ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റിനെ വിവരമറിയിച്ചു.
പാര്‍സല്‍ എടുക്കാന്‍ എത്തിയ ആളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.
ഇതു കൈപ്പറ്റി ഒരു കുടുംബത്തിന് കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും ഇതിനുള്ളില്‍ എന്താണുള്ളതെന്ന് അറിയില്ലെന്നും അയാള്‍ മൊഴി നല്കി. തുടര്‍ന്ന് അത് കൊടുക്കേണ്ട ആളുകളെ വിളിച്ചുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. രണ്ടുപേര്‍ സ്ഥലത്തെത്തി പാര്‍സല്‍ ഏറ്റുവാങ്ങിയ ഉടന്‍ അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പാര്‍സല്‍ ഏറ്റുവാങ്ങിയ രണ്ടുപേര്‍ക്കെതിരെയും അവരുടെ ശൃംഖലയില്‍പ്പെട്ട കണ്ടെത്താനായിട്ടില്ലാത്ത ഒരാള്‍ക്കെതിരെയുമാണ് കേസെടുത്തത്. പിടികൂടിയ രണ്ടു പ്രതികള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണുള്ളത്.
