കണ്ണൂർ : പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു, മിഥുൻലാൽ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് അമൽബാബുവിനെ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടക്കുമ്പോൾ അമൽബാബു സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിഥുൻൻലാൽ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബംഗളുരുവിൽ ആയിരുന്നു. ഇയാളെ ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്. കേസിൽ രണ്ടുപേർ ഒളിവിലാണ്.
പരിക്കേറ്റ മൂന്നുപേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.ഇന്നലെ ചെണ്ടയാട് സ്വദേശി കെ.കെ.അരുൺ, കുന്നോത്തുപറമ്പ് സ്വദേശി കെ.അതുൽ, ചെറുപറമ്പ് സ്വദേശികളായ ഷിബിൻ ലാൽ, സായൂജ് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സായൂജിനെ പാലക്കാടു വച്ചാണ് പിടികൂടിയത്. നാലുപേരും ബോംബ് നിർമ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന 10 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.സ്ഫോടനം നടന്നയുടൻ രക്ഷപ്പെട്ട ഷിജാൽ, അക്ഷയ് എന്നിവർ ഒളിവിലാണ്. ഷിജാലും പരിക്കേറ്റ വിനീഷുമാണ് ബോംബ് നിർമ്മാണത്തിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് കരുതുന്നത്.കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അരുണിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. അരുണിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേർ പിടിയിലായത്. സംഭവശേഷം വടകരയിൽ നിന്ന് ട്രെയിനിൽ കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന സായൂജിന്റെ ചിത്രങ്ങൾ പാനൂർ പൊലീസ് പാലക്കാട് റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സായൂജിനെ കസ്റ്റഡിയിലെടുത്ത് പാനൂർ പൊലീസിന് കൈമാറി. ഇന്നലെ വൈകുന്നേരത്തോടെ പാനൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.