
വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണത്തില്‍ നിയമ കുരുക്ക്. വീട് നിർമ്മാണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ലാൻഡ് ഡെവലപ്മെൻ്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെ നിർമ്മാണം നടത്തുന്നു എന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. പിന്നാലെ ഇന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദർശനം നടത്തി. നിർമ്മാണം നിർത്തിവയ്ക്കാൻ നിലവില്‍ വാക്കാലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിർമ്മാണം തുടർന്നാൽ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒറ്റ രാത്രികൊണ്ട് നാനൂറിലധികം വീടുകളെയും അത്രത്തോളം തന്നെ മനുഷ്യരെയും തുടച്ചുനീക്കിയ അത്യസാധാരണമായ ദുരന്തം. കേരളം അന്നോളം കണ്ടിട്ടില്ലാത്ത ദുരന്ത കാഴ്ചകളിൽ നടുങ്ങി നിന്ന ഒരു നാടിനെ കൈപിടിച്ച് കയറ്റാൻ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരും ഒരുമിക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകൾ. ആ ദുരന്തത്തിന്റെ ഒന്നാം വാർഷികമാകുമ്പോൾ സർക്കാർ നേതൃത്വത്തിലുള്ള ടൗൺഷിപ്പ് നിർമ്മാണം കൽപ്പറ്റയിലെ എസ്റ്റേറ്റിൽ പുരോഗമിക്കുകയാണ്. ഇതിനോടകം ദുരന്തബാധിതരായ ഇരുപതോളം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ സന്നദ്ധ സംഘടനകൾക്ക് കഴിയുകയും ചെയ്തു. എന്നാൽ സ്വന്തം നിലയിൽ വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ, യുവജന സംഘടനകളുടെ പ്രഖ്യാപനം എത്രകണ്ട് യാഥാർത്ഥ്യമായി എന്ന ചോദ്യം ഉയർന്നതിനിടെയാണ് മുസ്ലിം ലീഗിന് മുന്നിലെ പുതിയ തടസം.
