
മനാമ: മക്കാന് ആര്‍ട്ട് ഗാലറിയുമായി സഹകരിച്ച് ചൈല്‍ഡ് ആന്റ് മദര്‍ വെല്‍ഫെയര്‍ അസോസിയേഷന് സംഘടിപ്പിച്ച പാം പേപ്പര്‍ എക്സിബിഷന് 6 ഉദ്ഘാടനം ചെയ്തു.
ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് സാറ അഹമ്മദ് ബുഹെജ്ജിയുടെയും കലാപ്രേമികളുടെയും അനുബന്ധ സ്ഥാപന പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ദേശീയ പൈതൃകവും പരമ്പരാഗത കരകൗശല വസ്തുക്കളും ആഘോഷിക്കുന്ന പരിപാടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ബുഹെജ്ജി പറഞ്ഞു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഈന്തപ്പനയോലയില്നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സമകാലിക കലാസൃഷ്ടികള്‍ നടത്തിയ ബഹ്റൈനി കലാകാരരുടെയും അന്താരാഷ്ട്ര ബാക്കലറിയേറ്റ് പ്രോഗ്രാമുകളിലെ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം അഭിമാനകരമാണെന്നും അവര്‍ പറഞ്ഞു.
പുനരുപയോഗിച്ച പേപ്പര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, കലയില്‍ പ്രകൃതിദത്ത വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, യുവാക്കള്‍ക്കിടയില്‍ പരിസ്ഥിതി അവബോധവും സര്‍ഗാത്മകതയും വര്‍ധിപ്പിക്കുക എന്നിവയാണ് പ്രദര്‍ശനത്തിന്റെ ആറാമത് പതിപ്പിന്റെ ലക്ഷ്യമെന്ന് ചൈല്‍ഡ് ആന്റ് മദര്‍ വെല്‍ഫെയര്‍ അസോസിയേഷന് ചെയര്‍പേഴ്സണ്‍ ശൈഖ ഹിന്ദ് ബിന്ത് സല്മാന് അല്‍ ഖലീഫ പറഞ്ഞു.


