
ദില്ലി: പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി. ഷാജി കോടൻകണ്ടത്ത് ആണ് തടസ്സ ഹർജി നൽകിയിരിക്കുന്നത്. കരാർ കമ്പനിയുടെ അപ്പീൽ മുന്നിൽ കണ്ടാണ് നീക്കം. ഹൈക്കോടതി ഉത്തരവിനെതിരെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ മുഹമ്മദ് സാദിഖ് മുഖാന്തരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂന്നാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച്എഐ അറിയിച്ചിരുന്നത്.
ടോള്‍ പിരിവ് തടഞ്ഞത് സാധാരണക്കാരന്റെ വിജയം എന്നാണ് ഹര്ജിക്കാരന് ഷാജി കോടങ്കണ്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഹൈക്കോടതി ഉത്തരവിൽ സന്തോഷം ഉണ്ട്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ കരാർ കമ്പനി കോടതിയെ പോലും വെല്ലുവിളിക്കുകയായിരുന്നു. ഒരു മാസത്തേക്ക് എങ്കിലും നിർത്തിവെക്കാൻ ആയതിൽ സന്തോഷം ഉണ്ടെന്നും ഷാജി കോടങ്കണ്ടത്തിൽ കൂട്ടിച്ചേര്‍ത്തു.
