കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അപാകതകളെ തുടർന്ന് നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. കാരണം കാണിക്കാതെയും തങ്ങളുടെ വാദം കേൾക്കാതെയുമാണ് കരിമ്പട്ടികയിൽ പെടുത്തിയതെന്നാണ് കമ്പനി വാദിച്ചത്. തിടുക്കത്തിൽ ഉല്ഘാടനം നടത്താൻ 2016 മഴക്കാലത്തു പോലും നിർമാണം നടത്തേണ്ടി വന്നുവെന്നും കമ്പനി വാദിച്ചു. 1992 മുതൽ നിർമാണ രംഗത്തുള്ള തങ്ങൾ ഇന്ത്യയൊട്ടാകെ 100ലേറെ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അതിൽത്തന്നെ 45 പദ്ധതികൾ കേരളത്തിലാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
അഞ്ച് വർഷത്തേക്ക് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടെ നടപടി ചോദ്യം ചെയ്ത് കമ്പനി നേരത്തെ സിംഗിൾ ബഞ്ചിനെ സമീപിച്ചെങ്കിലും ഇത് തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് കമ്പനിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്.
ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇട നൽകിയ ഒന്നാണ് പാലാരിവട്ടം പാലം നിർമാണ അഴിമതി. പാലം നിർമാണത്തിൽ അഴിമതിയുണ്ടായി എന്നതിനെ തുടർന്ന് 2023 ഫെബ്രുവരിയിൽ കമ്പനിക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു പാലം നിർമാണം. എന്നാൽ പാലം ഗതാഗത യോഗ്യമല്ലെന്ന് പിന്നീട് കണ്ടെത്തുകയും പൊളിച്ച് പുതിയത് നിർമിക്കുകയും ചെയ്തു. പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയാണ്. ആർഡിഎസ് പ്രോജക്ട് എംഡി സുമിത് ഗോയലാണ് ഒന്നാം പ്രതി.