ഇസ്ലാമബാദ്: 2017 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ കീഴടക്കിയതിന്റെ ഓർമകൾ പങ്കുവച്ച് പാക്കിസ്ഥാന് മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. സൂപ്പർ താരങ്ങൾ മത്സരിക്കുന്ന ഇന്ത്യൻ ടീമിനെതിരെ യുവതാരങ്ങളെ വച്ചാണ് പാക്കിസ്ഥാൻ വിജയം നേടിയതെന്നാണ് സർഫറാസിന്റെ വാദം. “ചാമ്പ്യൻസ് ട്രോഫി നേടിയത് ഞാൻ ഒരിക്കലും മറക്കില്ല. ഇന്ത്യക്കെതിരായ ഫൈനലിൽ വിജയിക്കുക എന്നത് വാക്കുകളിൽ വിവരിക്കാവുന്ന ഒന്നല്ല. ഐസിസി ടൂർണമെന്റുകളും ഇന്ത്യയ്ക്കെതിരായ പരമ്പരകളും ഞങ്ങൾ മുമ്പും നേടിയിട്ടുണ്ട്. എന്നാൽ ഏത് വലിയ സ്കോറും ച്ചേസ് ചെയ്യാൻ കഴിയുന്ന ഒരു ടീമിനെതിരെ വിജയിക്കാൻ കഴിഞ്ഞത് അതിശയകരമായിരുന്നു”. സർഫറാസ് ഒരു പാക് മാധ്യമത്തോട് പറഞ്ഞു.
“ഇന്ത്യയ്ക്ക് വേണ്ടി എം.എസ്. ധോണി, രോഹിത് ശർമ്മ, ശിഖർ ധവാൻ, യുവരാജ് സിങ്, വിരാട് കോഹ്ലി എന്നിവരുണ്ട്. എന്നാൽ പാകിസ്ഥാൻ ടീമിലെ ആളുകൾ കുട്ടികളായിരുന്നു. അവരാണ് ഇന്ന് പാകിസ്ഥാൻ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നത്. ബാബർ അസം, ഹസൻ അലി, ശതബ് ഖാൻ, ഫഹീം അഷ്റഫ് എന്നിവരെല്ലാം യുവതാരങ്ങളായിരുന്നു. ആ സമയത്ത് ഇന്ത്യൻ ടീമിനെയും പാക്കിസ്ഥാനെയും താരതമ്യം ചെയ്യാൻ പോലും കഴിയില്ല”.
പരിചയസമ്പന്നരായ രണ്ട് കളിക്കാർ മാത്രമാണ് പാക്കിസ്ഥാൻ ടീമിലുണ്ടായിരുന്നത്. മുഹമ്മദ് ഹഫീസും ശുഐബ് മാലിക്കും. ബാക്കിയെല്ലാവരും പുതിയവരായിരുന്നു.” സർഫറാസ് അഹമ്മദ് പറഞ്ഞു. 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ 180 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 158 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.