
വാഷിങ്ടൺ: പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ രണ്ട് മാസത്തിനിടെ രണ്ടാം തവണയും അമേരിക്കൻ സന്ദർശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധിക താരിഫ് ചുമത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം.
അടുത്തിടെ പാകിസ്ഥാനുമായി ട്രംപ് പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്ഥാന് മുൻഗണനാ താരിഫ് നിരക്ക് വാഗ്ദാനം ചെയ്യുകയും പാകിസ്ഥാനിലെ എണ്ണ ശേഖരം കണ്ടെത്താൻ സഹായിക്കാമെന്ന് അറിയിപ്പുണ്ടാവുകയും ചെയ്തിരുന്നു. അതേസമയം റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിനാൽ ഇന്ത്യയുടെ കയറ്റുമതിക്ക് 25 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള മൊത്തം താരിഫ് 50 ശതമാനമായി ഉയരും.
ഫീൽഡ് മാർഷൽ അസിം മുനീർ ജൂണിലാണ് അവസാനമായി അമേരിക്ക സന്ദർശിച്ചത്. അന്ന് ട്രംപ് അദ്ദേഹത്തിന് വൈറ്റ് ഹൗസിൽ ഉച്ചഭക്ഷണം നൽകിയിരുന്നു. പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ വർഷം വീണ്ടും യു.എസ്. സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് മുനീർ അന്ന് തന്നെ സൂചിപ്പിച്ചിരുന്നു. യുഎസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ മൈക്കിൾ എറിക് കുറില്ല കഴിഞ്ഞ ജൂലൈയിൽ പാകിസ്ഥാൻ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് മുനീറിന്റെ യാത്ര.
