
എണ്ണമേഖലയിലും സാമ്പത്തിക മേഖലയിലുമേറ്റ തിരിച്ചടികള്‍ക്കിടെ, പാക്കിസ്താന്റെ മധ്യസ്ഥതയില്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് അമേരിക്കന്‍ ശ്രമം. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയോടെയാണ് ചര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നത്. പാക്കിസ്താന് സൈനിക മേധാവി അസീം മുനീറാണ് ഇക്കാര്യത്തില്‍ ഇറാനോട് സംസാരിക്കുന്നത്. ചര്‍ച്ചയില്‍ സഹകരിക്കാന്‍ ഈജിപ്തും തുര്‍ക്കിയും ഇറാനുമായി സംസാരിക്കുന്നുമുണ്ട്. ചര്‍ച്ച ചെയ്യാനുള്ള 15 വിഷയങ്ങള്‍ അമേരിക്ക തയ്യാറാക്കി പാക്കിസ്താനെ ഏല്‍പ്പിച്ചിട്ടുണ്ട്. പാക്കിസ്താന് ഈ നിര്‍ദേശങ്ങള്‍ ഇറാന് കൈമാറിയതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയും ഇസ്രായേലും ഇറാനില്‍ വ്യോമാക്രമണം ശക്തമാക്കുകയും ഇറാന് അതിശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നതിനിടയിലാണ് മൂന്ന് ദിവസം മുമ്പ് പ്രസിഡന്റ് ട്രംപ് അപ്രതീക്ഷിതമായി സമാധാന കാര്‍ഡ് എടുത്തിട്ടത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആ്രകമിക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേന്നായിരുന്നു ട്രംപിന്റെ മലക്കം മറിച്ചില്‍. ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, അങ്ങനെയൊരു സമാധാന ചര്‍ച്ച തന്നെ നടന്നിട്ടില്ല എന്നായിരുന്നു ഇറാന് പരസ്യമായി പറഞ്ഞത്. ഇറാനെ ആക്രമിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് സമയമെടുക്കാനാണ് അഞ്ചു ദിവസത്തെ അവധി ട്രംപ് പറഞ്ഞതെന്നും ഇറാന് തുറന്നുപറഞ്ഞു.


