
തിരുവനന്തപുരം: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പൂർത്തീകരണ ഘട്ടത്തിൽ ഉണ്ടായ സാഹചര്യങ്ങളെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘NH 66 നിർമ്മാണത്തിനിടയിൽ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF, പൂർത്തീകരണ ഘട്ടത്തിൽ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.’- പി എ മുഹമ്മദ് റിയാസ്
അതിനിടെ, വിഷയത്തിൽ പ്രതികരിച്ച് എൻ എച്ച് എ ഐ റെസിഡൻ്റ് എഞ്ചിനീയർ മനോജ് കുമാർ. ഡിപിആറിൽ അപാകതകൾ ഉണ്ട്. വെള്ളം വഴി തിരിച്ചു കുപ്പം പുഴയിലേക്ക് വിടാനുള്ള സാധ്യത പരിശോധിക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും റോഡരികിൽ മണ്ണിടിച്ചിൽ ഉണ്ടെങ്കിലും അപകട ഭീഷണിയില്ലെന്നും റോഡിൽ നിന്നും ആവശ്യമായ അകലമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂർ കുപ്പത്ത് റോഡ് തകർന്ന വിഷയത്തിൽ പ്രശ്നങ്ങൾ സമ്മതിച്ച് ദേശീയപാതാ അതോറിറ്റി.
