
നിലമ്പൂർ: കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിൽ വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ പോരാടാൻ യു.ഡി.എഫിനൊപ്പം ചേരുമെന്നും പി.വി. അൻവർ എം.എൽ.എ. പലരും ഭയപ്പെട്ടാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും തുടരുന്നതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ്. നേതൃത്വമാണ് തന്റെ ഔദ്യോഗിക പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത്. ഇന്ന് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തും. മറ്റു യു.ഡി.എഫ്. നേതാക്കളെയും കാണാൻ ശ്രമിക്കും. രാഷ്ട്രീയത്തിൽ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നിൽക്കില്ല. സാമൂഹ്യതിന്മയ്ക്കെതിരെ പോരാടുക എന്നതാണ് സാമൂഹ്യ പ്രവർത്തകരുടെ ഉത്തരവാദിത്തം.
യു.ഡി.എഫ്. അധികാരത്തിൽ വരണം. ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുക്കണം. താൻ യു.ഡി.എഫിനു പിന്നിലുണ്ടാകും. എം.എൽ.എ. സ്ഥാനവും മറ്റു പദവികളും തരേണ്ട. പലരും ഭയപ്പെട്ടാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും തുടരുന്നത്. അവരെ യു.ഡി.എഫ്. ഏറ്റെടുക്കണം. താൻ ഔദ്യോഗിക ഭാഗമാകണോ എന്ന് യു.ഡി.എഫ്. നേതൃത്വമാണ് ചിന്തിക്കേണ്ടത്. ഇതുവരെ തന്റെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് അവരെടുത്തിട്ടില്ല. അതിനാൽ സി.പി.എം. വിടാനാഗ്രഹിക്കുന്ന പലർക്കും ആശങ്കയാണ്.
തന്നെ മുന്നണിയിലെടുക്കണോ എന്ന് യു.ഡി.എഫാണ് തീരുമാനിക്കേണ്ടത്. ആരുടെ കൂടെയാണെങ്കിലും ആത്മാർഥമായി, ജനങ്ങളോടൊപ്പം മരിച്ചുനിൽക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തത് ജനങ്ങൾക്കു വേണ്ടിയാണ്. രാഷ്ട്രീയത്തിൽ അഭിപ്രായങ്ങളും നിലപാടുകളും സാഹചര്യത്തിനനുസരിച്ചു മാറ്റേണ്ടി വരും. പൊതുസമൂഹം ഒന്നടങ്കം പ്രതിസന്ധിയെ നേരിടുമ്പോൾ ‘ഞാൻ പണ്ട് അതു പറഞ്ഞല്ലോ’ എന്ന വടിയും പിടിച്ചല്ല നിൽക്കേണ്ടത്. യു.ഡി.എഫ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. താൻ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കി ഒട്ടേറപ്പേർ കാത്തുനിൽക്കുന്നുണ്ട്. താൻ പോകുന്ന തോണിയിൽ ആളുകൾ കയറണമെങ്കിൽ യു.ഡി.എഫ്. നേതൃത്വം സംരക്ഷണകവചമൊരുക്കണം.
ആർ.എസ്.എസുമായി ബന്ധപ്പെട്ട് ശക്തമായ അധികാരകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാർട്ടികളുടെ പ്രബലരായ നേതാക്കൾ തമ്മിൽ അടുത്ത ബന്ധമാണ്. പിണറായി– ബി.ജെ.പി– ആർ.എസ്.എസ്. അച്ചുതണ്ടാണ് അതിനെ നിയന്ത്രിക്കുന്നത്. സി.പി.എം. ഇനി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ ദൗത്യമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ആർ.എസ്.എസ്. എൽപ്പിച്ചിരിക്കുന്നത്. തനിക്കുശേഷം പ്രളയമെന്നതാണ് പിണറായിയുടെ ചിന്ത. പിണറായിയുടെ കയ്യും കാലും നാവുമെല്ലാം ബന്ധിതമാണ്. ഈ ചരടുകളുടെയെല്ലാം അറ്റം ആർ.എസ്.എസിന്റെ കൈകളിലാണ്. അവരുടെ തീരുമാനപ്രകാരമല്ലാതെ ഒരിഞ്ചു മുന്നോട്ടുപോകാൻ പിണറായിക്കു സാധിക്കില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിന് അവസാനം കുറിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയാണ് പിണറായി. ബംഗാളിൽ സംഭവിച്ചതുതന്നെ കേരളത്തിലും സംഭവിക്കും.
കേരളത്തിൽ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സി.ഐ.ടി.യു? നോക്കുകൂലി വാർത്തയിൽ മാത്രമാണ് അവരെപ്പറ്റി കേൾക്കുന്നത്. തൊഴിലാളി സംഘടനകൾ സമരം നടത്തുന്നുണ്ടോ? ആദിവാസി സംഘടനകൾ സമരം നടത്തുന്നുണ്ടോ? എല്ലാ നേതാക്കളെയും ആർ.എസ്.എസിന്റെ ചരടിൽ കെട്ടിയിരിക്കുകയാണ്. ആർക്കും മിണ്ടാൻ അധികാരമില്ല. അതാണ് പിണറായിസം. ആ പിണറായിസം സി.പി.എമ്മിന്റെ അടിവേര് തകർക്കും.
മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. വനനിയമ ഭേദഗതി പാസായാൽ വനം ഉദ്യോഗസ്ഥർ ഗുണ്ടകളായി മാറും. വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനമേഖലയുടെ വനം വിസ്തൃതി കൂട്ടാൻ ശ്രമമുണ്ട്. പുഴയുടെ അവകാശവും വനംവകുപ്പിന്റെ കീഴിലാക്കാനാണ് നീക്കം. വനംമന്ത്രി എന്തു സംഭാവനയാണ് കേരളത്തിന് നൽകിയിരിക്കുന്നത്? ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് എന്തു ഗുണം? കാർബൺ പുറന്തള്ളുന്നതു കുറവുള്ള രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് രൂപയുടെ ഫണ്ട് വരുന്നുണ്ട്. ഈ കാർബൺ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥർ വനം വിസ്തൃതി വർധിപ്പിക്കുന്നത്. എന്തുപറഞ്ഞാലും ആവാസവ്യവസ്ഥയെക്കുറിച്ചു പറയുന്നവർ ഇതിന് ഉത്തരം പറയണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യു.ഡി.എഫ് ഏറ്റെടുക്കണമെന്നും അൻവർ പറഞ്ഞു.
