
കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ പരിഹസിച്ച് മന്ത്രി പി.രാജീവ്. സന്ദീപിന്റെ അഖിലേന്ത്യാ നേതാവ് നരേന്ദ്ര മോദിയാണെന്നും കേരളത്തില്‍ ബി.ജെ.പി. ആയാലും കോണ്‍ഗ്രസായാലും ദേശീയതലത്തില്‍ ബി.ജെ.പിയ്ക്ക് പ്രശ്നമില്ലെന്നും രാജീവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചേരേണ്ടത് ചേരേണ്ടതിനോട് ചേര്‍ന്നു’ എന്നായിരുന്നു സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പി.രാജീവിന്റെ ആദ്യപ്രതികരണം. വയനാട് തിരഞ്ഞെടുപ്പ് വരെ ആ മാറ്റം ഉണ്ടായില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. കാരണം നരേന്ദ്ര മോദിയാണ് തന്റെ നേതാവെന്ന് സന്ദീപ് വാര്യര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കെ.സുരേന്ദ്രന് നയിക്കുന്ന പാര്‍ട്ടിയോ കെ.സുധാകരന് നയിക്കുന്ന പാര്‍ട്ടിയോ ആകാം. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പി.യ്ക്ക് അതില്‍ തര്‍ക്കമില്ല’, മന്ത്രി പറഞ്ഞു.
സന്ദീപ് വന്നതില്‍ കോണ്‍ഗ്രസിനും സൗകര്യമുണ്ട്. ശാഖയ്ക്ക് കാവല്‍ നിന്നയാള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയാല്‍ ശാഖ നടത്തിയ ആളെ പ്രസിഡന്റാക്കാനുള്ള അവസരം കൂടി കിട്ടും. അതിന്റെ സന്തോഷം അവര്ക്കുമുണ്ടാകുമെന്നും പി.രാജീവ് പരിഹസിച്ചു.
