
കണ്ണൂര്‍: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനു പിന്നാലെ കണ്ണൂരിലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പി. ജയരാജനെ പുകഴ്ത്തി ഫ്ളക്സ് ബോര്‍ഡുകള്‍.
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും ഈ സഖാവ് പി.ജെ.’ എന്നെഴുതിയ ജയരാജന്റെ ചിത്രമടക്കമുള്ള ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യങ്സ് കക്കോത്ത്’ എന്ന പേരിലാണ് ബോര്‍ഡുകള്‍.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വരുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ കരുതിയിരുന്നത്. അതുണ്ടായില്ല. പ്രായപരിധി മാനദണ്ഡം കാരണം ജയരാജന് ഇനിയൊരവസരം ഉണ്ടാകാനുമിടയില്ല.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം നല്കിയില്ലെങ്കിലും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഒരു വിഭാഗം അനുയായികള്‍ കരുതിയിരുന്നത്. അതുമുണ്ടാകാതെ വന്നതോടെയാണ് ജയരാജനെ അനുകൂലിച്ച് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്.
