ദുബായ്: കൊറോണ വൈറസ് പകർച്ചവ്യാധി സമയത്ത് 275,000 ഇന്ത്യൻ പൗരന്മാരെ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് നാട്ടിലെത്തിച്ചതായി ദുബായിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുഎഇയിൽ 500,000 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 275,000 ത്തിലധികം പേരെ വിജയകരമായി നാട്ടിലെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് ജനറൽ പറഞ്ഞു.
വിവിധ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യുഎഇയിൽ 25 ലക്ഷത്തോളം ഇന്ത്യൻ പൗരന്മാർ താമസിക്കുന്നുണ്ട്. യുഎഇയിലെ 5 ൽ 1 ഇന്ത്യക്കാർ ഇതിനകം ഇന്ത്യയിലേക്ക് പോയിക്കഴിഞ്ഞതായി കോൺസുലേറ്റ് വ്യക്തമാക്കുന്നു. നിലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വിവിധ വിമാനങ്ങൾ ലഭ്യമാണെന്നും കോൺസുലേറ്റ് കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 2 നും ഓഗസ്റ്റ് 14 നും ഇടയിൽ യുഎഇയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് 90 ഓളം വിമാനങ്ങളുണ്ടെന്ന് കോൺസുലേറ്റ് പറഞ്ഞു.
വന്ദേ ഭാരത് മിഷനു കീഴിലുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഇപ്പോഴും ധാരാളം സീറ്റുകൾ ഒഴിവുള്ളതായി കോൺസുലേറ്റ് ജനറൽ പറഞ്ഞു. മാർച്ച് 1 ന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശന വിസയിലുള്ളവർ ഓഗസ്റ്റ് 10 ന് മുമ്പ് രാജ്യം വിടണം. മാർച്ച് ഒന്നിന് ശേഷം യുഎഇ സന്ദർശന വിസ കാലാവധികഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് പിഴ ഒഴിവാക്കാൻ ഓഗസ്റ്റ് 10 ന് മുമ്പ് രാജ്യം വിടണമെന്ന് കോൺസുലേറ്റ് അറിയിച്ചു.