ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് സംവിധായകന് വി.കെ പ്രകാശ് ഒരുക്കുന്ന ‘ഒരുത്തീ’ മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തും. വളരെ സാധാരണക്കാരിയായ വീട്ടമ്മയാണ് രാധാമണി അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഒരുത്തീ പറയുന്നത്.
എറണാകുളം- വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറാണ് രാധാമണി. രണ്ട് കുട്ടികളുടെ മാതാവായ രാധാമണിയുടെ ഭര്‍ത്താവ് (സൈജു കുറുപ്പ്) വിദേശത്താണ്. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബമാണ് രാധാമണിയുടേത്. കൂടുതല്‍ ആര്‍ഭാടമോ ജീവിതമോഹങ്ങളോ ഒന്നുമില്ലാതെ വളരെ സന്തോഷകരമായി ജീവിക്കുന്ന രാധാമണിയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങള്‍ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പ്രതിസന്ധിയാണ് അവര്‍ക്കുണ്ടായത്. എന്നാല്‍ അവര്‍ തനിക്ക് നേരിട്ട ആ ദുരന്തത്തെ സാഹസികമായി അതിജീവിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ താന്‍ അതിജീവിച്ച വഴികള്‍ രാധാമണിയെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെ ദുരവസ്ഥകളെ നേരിട്ട് ജീവിതം തിരിച്ചുപിടിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഒരുത്തീ പറയുന്നത്.
ഒരു സ്ത്രീയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളില്‍ സംഭവിക്കുന്ന ആകസ്മിക സംഭവങ്ങളാണ് ഒരുത്തീയുടെ ഇതിവൃത്തം. നവ്യാ നായരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാണ് ഒരുത്തീയിലെ രാധാമണി.
