
തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തു. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സഭാ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും കാതോലിക്കാബാവാ പറഞ്ഞു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേ മലങ്കര സഭയിലെ മുഴുവൻ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാർത്ഥന നടത്തും.
അതിർത്തിയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഇന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥിതിഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. സർക്കാർ വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാനും തീരുമാനമുണ്ട്.
