
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും ഭക്തിനിർഭരമായ സമാപനം. വിദ്യാരംഭ ദിവസമായ ഇന്ന് രാവിലെ അഞ്ചു മണി മുതൽ സൊസൈറ്റി ആസ്ഥാനത്ത് നടന്ന വിദ്യാരംഭ ചടങ്ങുകളിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോൻ നിരവധി കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകി.
നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ സുജിത്ത് വാസപ്പനും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാവിൽ ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കുന്ന എല്ലാ കുട്ടികൾക്കും ഉണ്ണിമേനോൻ ആശംസകൾ നേർന്നു.

സംഗീതത്തിന്റെ സപ്ത സ്വരങ്ങളും ആദ്യാക്ഷരം കുറിക്കാനുമായി നിരവധി പേർ എത്തി. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃതം നൽകി.

വരും ദിവസം തന്നെ ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് ഉണ്ണിമേനോൻ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
