കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ ക്യാമ്പയിന് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന് എം.പി നിര്‍വ്വഹിച്ചു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുവാന്‍ വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കോട്ടയം അതിരൂപത സഹായ മെത്രാന് ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥ വ്യതിയാനവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും നിരവധിയായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും മഴക്കലാ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ ബോധവല്‍ക്കരണത്തോടൊപ്പം കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ കോര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബോധവല്‍ക്കരണ ക്യാമ്പയിനോടനുബന്ധിച്ച് മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന് കോട്ടയം ജില്ലാ ഡെപ്യൂട്ടീ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ജെയിംസ് സി. ജെ നേതൃത്വം നല്കി. സ്വാശ്രയസംഘ പ്രതിനിധികളിലൂടെ മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോഗ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുത്ത് കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിനില്‍ കെ.എസ്.എസ്.എസ് സ്വാശ്രയസന്നദ്ധ പ്രതിനിധികള്‍ പങ്കെടുത്തു.